പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്

ഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തില്‍ മലയാളി ജവാന്‍ വി.വി വസന്തകുമാറുള്‍പ്പടെയുളള 40 സൈനികരുടെ ജീവത്യാഗത്തിന് മുന്നില്‍ പ്രണാമര്‍പ്പിക്കുകയാണ് രാജ്യം.

ഫെബ്രുവരി 13ന് വൈകിട്ട് 3.15നാണ് ശ്രീനഗറില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെ അവന്തിപ്പോരയിലെ ലക്പുരയില്‍വെച്ച് സൈനിക വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. 78 ബസ്സുകളിലായി, 2547 സി.ആര്‍.പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദേശീയപാതയുടെ ഒരു വശത്ത് നിന്ന് സ്ഫോടന വസ്തുക്കള്‍ നിറച്ച എസ്യുവി ജവാന്‍മാരുടെ വാഹനത്തിന് നേരെ ഇടിച്ച് കയറ്റുകയായിരുന്നു.

 നിമിഷ നേരം കൊണ്ട് 49 എഫ് 637 എന്ന നമ്പറുളള ബസ് വെറും ലോഹക്കഷ്ണങ്ങളായി മാറി. ആക്രമണം ആസുത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ്. മസൂദ് അസര്‍ ജന്മം നല്‍കിയ ഭീകരസംഘടനയിലെ ആത്മഹത്യ സ്‌ക്വാഡ് അംഗമായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് ഇന്ത്യന്‍ ജനതയുടെ ഹൃദയം പിളര്‍ത്തിയത്. ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദര പുത്രന്‍ മുഹമ്മദ് ഉമൈറായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍.

ജവാന്‍മാരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ജവാന്‍മാരുടെ മൃതദ്ദേഹം ചുമലിലേറ്റി രാജ്നാഥ് സിങ് രാജ്യത്തിന്റെ ആദരം അറിയിച്ചു. രാഹുല്‍ ഗാന്ധിയടക്കമുളള പ്രതിപക്ഷ നേതാക്കള്‍ സൈന്യത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു. ദുഖവും രോക്ഷവും പ്രകടിപ്പിച്ച രാജ്യം തിരിച്ചടിക്ക് തയ്യാറെടുത്തു.

11 ആം ദിവസം ഇന്ത്യ പകരം വീട്ടി. മിറാഷ് വിമാനങ്ങള്‍ പാക് അധീന കശ്മീരിന് മുകളിലൂടെ പറന്ന് ജെയ്ഷ ഭീകര കേന്ദ്രങ്ങള്‍ തരിപ്പണമാക്കി. ബാലാക്കോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം ഉള്‍പ്പടെയുളള സ്ഥലങ്ങള്‍ നാമാവശേഷമായി. ആക്രമണത്തിന് പാക്കിസ്ഥാന്‍ തന്നെ സ്ഥിരീകരണം നല്‍കി. മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. പുല്‍വാമയില്‍ ഉണ്ടായ മുറിവില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്.