വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കി സൗദി ശൂറ കൗണ്‍സില്‍; ലെവിയും ആശ്രിത ലെവിയും കുറയ്ക്കണമെന്ന്

റിയാദ് : സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ലെവിയും വിദേശികള്‍ക്കുള്ള ആശ്രിത ലെവിയും കുറയ്ക്കണമെന്ന് പരമോന്നത സഭയായ ശൂറ കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ തുകയില്‍ ഈ വര്‍ഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ആവശ്യം മുന്നോട്ടുവെച്ചത്. 2020 ജനുവരി ഒന്നു മുതല്‍ മുന്‍തീരുമാന പ്രകാരം വിദേശികള്‍ക്കുള്ള ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആണ്.

ഇത് നേരത്തെ തീരുമാനിച്ചത് പ്രകാരം പരമാവധി തുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 600 റിയാലും 500 റിയാലും വീതം ആയിരുന്നു. നിലവില്‍ ആശ്രിത ലെവി മാസത്തില്‍ 300 റിയാലാണ്. അടുത്ത ജൂലൈയില്‍ ഇത് 400 റിയാലായി ഉയരും.