ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ പിന്തുണ എ.എ.പിക്ക്

ഡൽഹി: വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെ പിന്തുണക്കും. പ്രവർത്തകരോട് ഇക്കാര്യം അഭ്യർത്ഥിക്കുന്ന വീഡിയോ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രയാൻ പുറത്തു വിട്ടിട്ടുണ്ട്. ആംആദ്മി പാർട്ടിയ്ക്ക് വോട്ട് ചെയ്യണം, രാഘവ് ചദ്ദക്ക് വോട്ട് ചെയ്യണം, അരവിന്ദ് കെജ്രിവാളിന് വോട്ട് ചെയ്യണം.

എല്ലാ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യണം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഡെറക് ഒബ്രയാൻ ട്വീറ്റ് ചെയ്തത്. വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളില്ലെല്ലാം ആംആദ്മി പാർട്ടി വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്നും ഡെറക് ഒബ്രയാൻ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ മമത ബാനർജിയും കെജ്രിവാളും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു.

പലവിഷയങ്ങളിലും ഇവർ പരസ്പരം സഹകരിച്ചാണ് മുന്നോട്ടു പോയിരുന്നത്. അധികാരത്തിലെത്തിയാൽ ഇനിയും നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കും എന്ന് വാഗ്ദാനം ചെയ്താണ് ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ആം ആദ്മിയുടെ വിജയമാണ് സർവ്വേകൾ പ്രവചിക്കുന്നത്. അവസാനമായി പുറത്ത് വന്ന ന്യൂസ് എക്സ് സർവ്വേയും ആംആദ്മി പാർട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്.

ന്യൂസ് എക്സും പോൾസ്ട്രാറ്റും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാർട്ടി 53 മുതൽ 56 സീറ്റ് വരെ നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 12 മുതൽ 15 സീറ്റ് വരെ ബി.ജെ.പി നേടിയേക്കും. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും വിജയിക്കാതിരുന്ന
കോൺഗ്രസിന് ഇക്കുറി 2 മുതൽ 4 സീറ്റ് വരെ ലഭിച്ചേക്കും.