ഗോകുലം എഫ്‌സി ട്രയല്‍സ് നടത്തുന്നു എന്ന് വ്യാജ പ്രചാരണം; എത്തിയത് നിരവധി കുട്ടികള്‍

കോഴിക്കോട്: ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി ട്രയല്‍സ് നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ഗോകുലം ക്ലബ് ട്രയല്‍സ് നടത്തുന്നു എന്നായിരുന്നു പ്രചാരണം. ഫേസ്ബുക്ക്, വാട്‌സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട സന്ദേശം വിശ്വസിച്ച് നിരവധി കുട്ടികളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ട്രയല്‍സിനായി എത്തിയത്.

നാനൂറോളം കുട്ടികളാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. പുലര്‍ച്ചെ തന്നെ സ്റ്റേഡിയത്തിലേക്ക് കുട്ടികളെത്തി. കുട്ടിക്കൂട്ടം തടിച്ചുകൂടുന്നതു കണ്ട സ്റ്റേഡിയം അധികൃതര്‍ വിവരം അന്വേഷിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ട്രയല്‍സിന്റെ വിവരം അവരെ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള സെലക്ഷന്‍ ക്യാമ്പോ ട്രയല്‍സോ സ്റ്റേഡിയത്തില്‍ നടക്കുന്നില്ലെന്ന് സ്റ്റേഡിയം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് കുട്ടികള്‍ക്ക് മനസ്സിലായത്.

വാട്‌സപ്പ് സന്ദേശങ്ങള്‍ കണ്ടാണ് പലരും ട്രയല്‍സിനായി എത്തിയത്. ചില യൂട്യൂബ് ചാനലുകളും സമാനമായ വിവരം പങ്കുവെച്ചിരുന്നു എന്ന് കുട്ടികള്‍ പറയുന്നു. അതേ സമയം, ഗോകുലം കേരള എഫ്‌സി ഐലീഗ് ടേബിളില്‍ നാലാം സ്ഥാനത്താണ്. 8 മത്സരങ്ങളില്‍ നിന്ന് 4 ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 13 പോയിന്റുകളാണ് ഗോകുലത്തിന്റെ സമ്പാദ്യം.

ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ നടന്ന അവസാന മത്സരത്തിലെ ടിക്കറ്റ് തുക സെവന്‍സ് മത്സരത്തിനിടെ മരിച്ച ധനരാജിന്റെ കുടുംബത്തിന് ഗോകുലം കൈമാറിയിരുന്നു. 560350 രൂപയാണ് കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.