തന്നെ നിയമിച്ചത് രാഷ്ട്രപതി, പരാതിയുള്ളവര്‍ അവിടെ പറയട്ടേ; ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തിയ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഗവര്‍ണറെ തിരികെ വിളിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ
സ്വാഗതം ചെയ്തിരിക്കുകയാണ് ഗവര്‍ണര്‍. തന്നെ നിയമിച്ചിരിക്കുന്നത് രാഷ്ട്രപതിയാണെന്നും പരാതിയുള്ളവര്‍ രാഷ്ട്രപതിയോട് പറയട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരുമായി സംഘര്‍ഷത്തിനില്ല. സര്‍ക്കാരിനെ നന്നാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഉപദേശിക്കുന്നത്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. ഭരണഘടനാപ്രകാരം സര്‍ക്കാറിന്റെ തലവന്‍ താനാണ്. ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. ഭരണഘടനാപ്രകാരമുള്ള കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. അതിനര്‍ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ലെന്നും, ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ തിരികെ വിളിക്കണമെന്ന ആവശ്യമുയര്‍ത്തി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് നോട്ടിസു നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം. നിയമസഭ പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തുമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഇതുകൊണ്ടൊക്കെ തന്നെ ഗവര്‍ണറെ തിരികെ വിളിക്കണമെന്നാണ് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ഇതിനു മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്‌ഠേന നിയമം പാസാക്കിയതും സുപ്രീംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയാണ് പൗരത്വവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിലപാടുമായി നയപ്രഖ്യാപനം വന്നത്. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ചിരുന്നു.