ഇറാന്‍ ആക്രമണം; 34 യു.എസ് സൈനികരുടെ തലച്ചോറിന് ക്ഷതമേറ്റെന്ന വെളിപ്പെടുത്തലുമായി പെന്റഗണ്‍

വാഷിങ്ടണ്‍: ഇറാഖിലെ യു.എസ് സൈനിക താവളത്തിനു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ തങ്ങളുടെ 34 സൈനികരുടെ തലച്ചോറിന് ക്ഷതമേറ്റതായി യു.എസ് വെളിപ്പെടുത്തല്‍. ഇതില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു യു.എസ് സൈനികനും പരിക്കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ വാദം കള്ളമെന്ന് ഇതോടെ തെളിഞ്ഞു.

ഈമാസം മൂന്നിന് ഇറാന്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിനു പ്രതികാരമായി എട്ടാം തിയതി ഇറാഖിലെ രണ്ട് യു.എസ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വിപ്ലവസേന മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്നും 22 ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരാള്‍ക്കുപോലും  പരിക്കേറ്റിട്ടില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. മുന്നറിയിപ്പു നല്‍കിയതിനാല്‍ ഐന്‍ അല്‍ അസദ് വ്യോമകേന്ദ്രത്തിലെ 1500 സൈനികരില്‍ മിക്കവാറും എല്ലാവരും ബങ്കറുകളില്‍ ഒളിച്ചിരുന്നുവെന്നാണ് യു.എസ് സേന പറഞ്ഞിരുന്നത്. പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ എട്ട് പേര്‍ യു.എസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒന്‍പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണെന്നും പെന്റഗണ്‍ അറിയിച്ചു.