ഗവര്‍ണറേ തിരികേ വിളിക്കണമെന്ന് പ്രതിപക്ഷം; നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി നോട്ടിസ് നല്‍കി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേയുള്ള
സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ ഗവര്‍ണര്‍ക്കെതിരേ പ്രതിപക്ഷവും രംഗത്ത്. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണറുടെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന
ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് നോട്ടിസും നല്‍കിയതായി അദ്ദേഹം അറിയിച്ചു. നിയമസഭ പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തുമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇതുകൊണ്ടൊക്കെ തന്നെ ഗവര്‍ണറെ തിരികെ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്ഠേന നിയമം പാസാക്കിയതും സുപ്രീംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയാണ് പൗരത്വവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിലപാടുമായി നയപ്രഖ്യാപനം വന്നത്. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.  കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ചിരുന്നു. എന്തുകൊണ്ടാണ് പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നത്, നിയമസഭയില്‍ പാസാക്കിയ പ്രമേയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും.

പ്രതിഷേധവും, നിയമത്തില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചത് എന്നിവയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ജനുവരി 30 മുതല്‍ സഭ ചേരാനാണ് നിശ്ചയിച്ചിരുന്നത്.

വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നിലപാടിനെതിരേ പ്രതിപക്ഷം രംഗത്തുവരുന്നത്. എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിലേക്കാണ് നീളുന്നത്.