കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പം; 18 മരണം

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പതിനെട്ട് മരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിമൂന്ന് പേര്‍ മരണപ്പെട്ടത് ഇലാസിംഗ് പ്രവിശ്യയിലാണെന്ന് ദേശീയ ദുരന്ത നിവാരണ അടിയന്തര മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. സമീപ പ്രവിശ്യയായ മലാത്യയിലാണ് അഞ്ചു പേര്‍ മരണപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്മോളോജിക്കല്‍ സെന്റര്‍ (ഇ എം എസ് സി) അറിയിച്ചു. സിറിയന്‍ അതിര്‍ത്തി പ്രദേശമായ തുര്‍ക്കി മേഖലകളില്‍ നിരവധി സ്ഥലങ്ങളെ ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതേ പ്രകമ്പനം ബൈറൂത്തിലും ട്രിപ്പോളിയിലും ഉണ്ടായതായി ലബനോന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.