മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; ടി.പി.സെന്‍കുമാറിനെതിരേ കേസെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിന്റെ പരാതിയില്‍ കണ്‍റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സെന്‍കുമാറിനും സുഭാഷ് വാസുവിനും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാനായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്.

ഇതിനിടെ സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ഒരു പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ
പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് സെന്‍കുമാര്‍ തട്ടിക്കയറിയത്. താങ്കള്‍ ഡി.ജി.പിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന ചോദ്യവും കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു.

വളരെ മോശമായ രീതിയിലാണ് കടവില്‍ റഷീദിനെ സമീപത്തേക്ക് വരുത്തി വ്യക്തിപരമായി അധിക്ഷേപിച്ചു. കൂടെയുണ്ടായിരുന്ന ആളുകള്‍ റഷീദിനെ പിടിച്ച് തള്ളാന്‍ ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.