അനധികൃതമായി സൂക്ഷിച്ച നൂറുകിലോയിലധികം വരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍: കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നൂറ് കിലോയില്‍ അധികം തൂക്കം വരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ്  കണ്ടെത്തിയത്. സള്‍ഫറും ഉപ്പും വെടിമരുന്ന് നിറക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന വസ്തുക്കളാണ് കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടിയാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇവ പടക്കനിര്‍മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.