കൊറോണ വൈറസ്; രണ്ടുപേര്‍ നിരീക്ഷണത്തില്‍, കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു

തിരുവനന്തപുരം: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രണ്ടുപേര്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരത്തും എറണാകുളത്തും ഓരോരുത്തരാണ് നിരീക്ഷണത്തിലുള്ളത്. കോറോണവൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കുന്നത്.

അതേ സമയം കൊറോണവൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലുള്ള മലയാളി നഴ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുമെന്നും ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരിച്ചത് ആശ്വാസമായിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു ഇന്നലെ സ്ഥിരീകരണം വന്നിരുന്നു.

2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു സമാനമായ കൊറോണവൈറസാണ് ഇതെന്ന് സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്റാഖി വ്യക്തമാക്കി. യുവതിയെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കിയിരുന്നു.