ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും; നാളെ പ്രധാനമന്ത്രിയെ കാണും

ഡല്‍ഹി: ഇറാന്‍ യുഎസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സരിഫ് എത്തുന്നത്. ജവാദ് സരിഫ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് സരിഫ് ഡല്‍ഹിയിലെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യാഴാഴ്ച സരിഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷവും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സരിഫ് മുംബൈയിലേക്ക് പോകും. മുംബൈയില്‍ ഒരു സംഘം വ്യവസായികളുമായി സരിഫ് സംവദിക്കും. വെള്ളിയാഴ്ച അദ്ദേഹം ഇറാനിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍-യുഎസ് തര്‍ക്കത്തില്‍ ഇന്ത്യ ഒരുപക്ഷത്ത് ചേരാത്ത നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന് പ്രസക്തിയേറെയാണ്.

പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെയും വിളിച്ചിരുന്നു. പശ്ചിമേഷ്യയിലെ സ്ഥിതി വിലയിരുത്താന്‍ യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെട്ടിരുന്നു

ജനുവരി മൂന്നിന് ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാനിലെ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യുഎസ് കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി