ഭക്ഷ്യവിഷബാധ; കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു, 20 ഓളം പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: ഒടുവള്ളിതട്ട് ചുണ്ടക്കുന്നില്‍ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 2 പേരുടെ നില ഗുരുതരമാണ്.

നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഞായറാഴ്ച നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള നെയ്ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂര്‍വ വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സ തേടി.

23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതില്‍ ഒരാളൊഴികെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.