എന്റെ സുരക്ഷാകാര്യമല്ല, ജനങ്ങളുടെ സുരക്ഷാ പ്രശ്നമാണ് ഉയര്‍ത്തിക്കൊണ്ടു വരാനുള്ളത്; പ്രിയങ്കാ ഗാന്ധി

ലഖ്നൗ: തന്റെ സുരക്ഷാ കാര്യം അത്ര വലിയ കാര്യമല്ലെന്നും അത് ചെറുതു മാത്രമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അത് ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. ഇന്ന് നമ്മള്‍ ഉയര്‍ത്തുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷാ പ്രശ്നമാണെന്നും പ്രിയങ്ക യു.പിയിലെ ലഖ്നൗവില്‍ പറഞ്ഞു. നിയമവിരുദ്ധമായ നിരവധി നടപടികളാണ് യു.പി സര്‍ക്കാരും പോലീസും നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു.

അരാജകത്വത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തിയാണ് പോലീസില്‍ നിന്നുണ്ടായതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ രീതിയെ പ്രിയങ്ക വിമര്‍ശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രിയങ്ക കടുത്ത വിമര്‍ശനമുന്നയിച്ചു. താങ്കള്‍ ധരിച്ച കാവി വസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ധര്‍മം പിന്തുടരണമെന്ന് പ്രിയങ്ക യോഗിയോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ നിന്ന് നശിപ്പിക്കപ്പെട്ട പൊതുമുതല്‍ തിരിച്ചുപിടിക്കാന്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന യോഗിയുടെ പ്രസ്താവനയെയും പ്രിയങ്ക വിമര്‍ശിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്ന് പ്രിയങ്ക പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതെന്നും പൊതുജനങ്ങള്‍ക്കെതിരെയുള്ള പ്രതികാരനടപടിയാണിതെന്നും പ്രിയങ്ക പറഞ്ഞു.