‘ഇവിടെ ജീവിക്കേണ്ടെങ്കില്‍ പാകിസ്താനില്‍ പോകൂ’; യു.പി പോലീസ്

മീറ്ററ്: ഉത്തര്‍പ്രദേശിലെ മീറ്ററ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ നടത്തുന്ന പാകിസ്താന്‍ പരാമര്‍ശം വിവാദമാവുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെയാണ് കടുത്ത വിദ്വേഷ പരാമര്‍ശം പോലീസ് നടത്തുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കറുപ്പും മഞ്ഞയും ബാന്‍ഡ് അണിഞ്ഞവരോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞേക്ക്.

നിങ്ങള്‍ ഇവിടെ തിന്നുകയും മറ്റൊരു സ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. ഇതിപ്പോള്‍ എനിക്ക് പരിചിതമായിരിക്കുന്നു. ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു എനിക്ക് നിങ്ങളുടെ അമ്മൂമ്മയുടെ അടുത്തുവരെയെത്താനാവും’- മീററ്റ് എസ്.പി അഖിലേഷ് എന്‍ സിങ് പറയുന്നതായി വീഡിയോയില്‍ കാണാം. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച കുട്ടികള്‍ക്കെതിരെയായിരുന്നു തന്റെ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.

‘പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ കാണാനാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഞങ്ങള്‍ സേനയുമായി എത്തിയപ്പോള്‍, അവരെല്ലാം ഓടിപ്പോയി അവിടെ പ്രശ്നമുണ്ടാക്കണമെന്നുള്ള മൂന്നോ നാലോ പേരുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി’- എസ്.പി പറഞ്ഞു.