കൊടും ക്രൂരതക്ക് ‘തൂക്കുകയര്‍’ വിധിച്ച് പോക്സോ കോടതി

കോയമ്പത്തൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ സന്തോഷ് കുമാറിനാണ് കോയമ്പത്തൂരിലെ പ്രത്യേക പോക്സോ കോടതി തൂക്കുകയര്‍ വിധിച്ചത്.
ഒമ്പത് മാസം കൊണ്ട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പറഞ്ഞത്.

പോക്സോ പ്രകാരം സന്തോഷ് കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം, കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കുന്നുവെന്നും വിധിയില്‍  വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിനും, പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനും ഏഴ് വര്‍ഷത്തെ കഠിനതടവും വിധിച്ചിട്ടുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് 2000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

പെണ്‍കുട്ടിയെ അയല്‍വാസിയായിരുന്ന സന്തോഷ് കുമാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തന്നെ ടീ ഷര്‍ട്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി വരുന്നതിന് ഒരു ദിവസം മുമ്പ് കുട്ടിയുടെ അമ്മ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

ഫൊറന്‍സിക് പരിശോധനാഫലത്തില്‍ സന്തോഷ് കുമാറിന്റേതല്ലാതെ മറ്റൊരാളുടെ കൂടി ഡി.എന്‍.എ സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആരുടേതാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.