തോമസ് ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളം വിട നല്‍കും

ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളം വിടനല്‍കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.

അര്‍ബുദബാധയെ തുടര്‍ന്ന് പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തേടിയിരുന്നു. പിണറായി മന്ത്രിസഭയില്‍ ഏഴ് മാസക്കാലം ഗതാഗത മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായി. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എം.എല്‍.എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥാപനങ്ങളുണ്ട്.

കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസര്‍ അല്‍സബ തുടങ്ങിയവര്‍ ഇന്ന് അന്ത്യമോപചാരം അര്‍പ്പിക്കാനെത്തും.