സ്റ്റാലിന്‍ നയിച്ചു; ചെന്നൈയെ ഇളക്കി മറിച്ച് പ്രതിപക്ഷ ബഹുജനറാലി

ചെന്നൈ: പ്രതിരോധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചെന്നൈയെ ഇളക്കി മറിച്ച് മഹാറാലി. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള റാലി ചെന്നൈയില്‍ നിന്നും ആരംഭിച്ചു. റാലിയുടെ മുന്‍നിരയില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനൊപ്പം കോണ്‍ഗ്രസ് നേതാവ്
പി.ചിദംബരവും എം.ഡി.എം.കെ നേതാവ് വൈകോയും അണിനിരന്നു.

ഡി.എം.കെ എം.പി കനിമൊഴി, വി.സി.കെ നേതാവ് തിരുമണവാളവന്‍ എന്നിവരും മറ്റ് പാര്‍ട്ടി നേതാക്കളും റാലിയില്‍ സജീവമായിരുന്നു. ഇതുപതിനായിരത്തിലേറെ ആളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. നഗരത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. റാലി നടക്കുന്ന റൂട്ടില്‍ വീഡിയോ ക്യാമറകള്‍ സഥാപിച്ചിട്ടുണ്ട്.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലി തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈകോടതി ഞായറാഴ്ച തള്ളിയിരുന്നു. ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. എന്നാല്‍ റാലി പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണം, പൊതുമുതല്‍ നശിപ്പിക്കരുത്, അക്രമം ഉണ്ടാകരുത് എന്നീ ഉപാധികളോടെയാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.