വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

മംഗളുരൂ: പൗരത്വ ഭേദഗതി ബില്ലിനെതിരേ മംഗളൂരുവില്‍ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിനെക്കുറിച്ചും മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തിലും അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി യെദിയൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മംഗൂരുവില്‍ പോലീസ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേക്കുറിച്ച് വാര്‍ത്തകള്‍ ശേഖരിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്. കേരളാ- കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി വരെ പോലീസ് വണ്ടിയില്‍ എത്തിച്ച് അത്യപൂര്‍വ്വമായാണ് മാധ്യമ പ്രവര്‍ത്തകരേ മോചിപ്പിക്കുന്നത്. അതേ സമയം മംഗളൂരുവിലെ കര്‍ഫ്യൂവിനും പോലീസ് ഇളവ് രേഖപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മുതല്‍ ആറുവരേയും നാളെ പകലുമാണ് കര്‍ഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ ക്യാമറാമാന്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ക്യാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, 24 ന്യൂസ് ക്യാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 ക്യാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റവാളികളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് വിട്ടയച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളമല്ലാതെ വേറെ ഒന്നും ലഭിച്ചില്ല.

മൊബൈല്‍ ഫോണ്‍ പോലും വാങ്ങിവച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മാരകായുധങ്ങളുമായി കേരളത്തില്‍ നിന്നുള്ള അന്‍പതോളം വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഇതുസംബന്ധിച്ച് ബി.ജെ.പി ചാനലായ ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ടി.വി 9 എന്ന ചാനലും സമാനമായ റിപ്പോര്‍ട്ടിങ് നടത്തിയിരുന്നു.