ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങളും; ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ ജാഗ്രത പാലിക്കണം

ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ലോകരാഷ്ട്രങ്ങള്‍ക്ക് പിറകെ ഗള്‍ഫ് രാഷ്ട്രങ്ങളും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ തങ്ങുന്ന സൗദി പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ദില്ലിയിലെ സൗദി എംബസി പുറത്തിറക്കിയ മുന്നറിയിപ്പ് നിര്‍ദേശത്തില്‍ പറയുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ആ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.

ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം. സൗദിക്ക് പുറമെ ദുബായ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് അടക്കമുള്ള മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കുന്നതിനെതിരെ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാഷ്ട്രങ്ങളും എത്തിയിരിക്കുകയാണ്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദര്‍ശനത്തിന് യുഎസ് സര്‍ക്കാര്‍ താല്‍കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ല് അംഗീകരിച്ചതിന് ശേഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പൗരന്‍മാര്‍ അതീവ ജാഗ്രതപുലര്‍ത്തണം. ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കര്‍ഫ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും യാത്രാ സൗകര്യങ്ങളില്ലെന്നും വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ അടിയന്തരമായി യാത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അസമില്‍ നടന്ന പ്രതിഷേധത്തിനിടെ നിരവധി പേര്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.