പൗരത്വ ഭേദഗതിയില്‍ ബി.ജെ.പിക്ക് ഇരുട്ടടി; പിന്തുണ പിന്‍വലിച്ച് അസം സഖ്യകക്ഷി സുപ്രീം കോടതിയിലേക്ക്

ദിസ്പുര്‍: പൗരത്വ ഭേദഗതി ആക്ടില്‍ ബി.ജെ.പിക്കും കേന്ദ്രത്തിനും സഖ്യകക്ഷിയുടെ ഇരുട്ടടി. അസം ഗണ പരിഷദ് (എ.ജി.പി) ആണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. നിയമത്തെ ആദ്യ ഘട്ടത്തില്‍ പിന്തുണച്ച എ.ജി.പി ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി ചര്‍ച്ച നടത്താനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എ.ജി.പിയുടെ മൂന്നു മന്ത്രിമാര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള അസമിലെ സര്‍ബാനന്ദ സൊനോവാള്‍ സര്‍ക്കാരിലുണ്ട്. നേരത്തേ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെ എ.ജി.പി പിന്തുണച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്ത് ഇതിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.

ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നാരോപിച്ച് പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നു പലരും രാജിവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ബി.ജെ.പിക്കകത്തും രാജി നടന്നിട്ടുണ്ട്. വെള്ളിയാഴ്ച മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയാന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു. അസം നടനും സംസ്ഥാന ഫിലിം ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രാജിവെയ്ക്കുകയുണ്ടായി. അതിനും മുന്‍പ് പാര്‍ട്ടി നേതാവും നടനുമായ രവി ശര്‍മയും പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു.