ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് നടപ്പിലാക്കുന്നത് ജനുവരി 15ലേക്ക് നീട്ടി

ഡല്‍ഹി: വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കാന്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിനുള്ള കാലാവധി നീട്ടി. ഈ സംവിധാനത്തിലേക്ക് മാറേണ്ടിയിരുന്ന അവസാന ദിവസം നാളെയായിരുന്നു. ഇതാണ് ഒരു മാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ജനുവരി 15 മുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കും. 75 ശതമാനം വാഹനങ്ങളും ഇനിയും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ല. ഇതു പരിഗണിച്ചാണ് നടപടി.

ഒപ്പം, ഇന്ന് പരീക്ഷണം നടത്തിയ ടോള്‍ പ്ലാസകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം പരിഹരിക്കാനാണ് സമയം നീട്ടീയത്. നിശ്ചിത വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്. 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ് ടാഗ് കൊടുത്തുമായിരിക്കും ട്രാക്കുകളിലൂടെ കടത്തിവിടുക.

എന്താണ് ഫാസ്ടാഗ്?

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.