ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; യുവാവ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മുക്കത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി അനുപ്രിയ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ മരണം ഇയാളുടെ കുടുംബത്തിന്റെ ഭീഷണിമൂലമാണെന്നാണ് ആരോപണം. മരിച്ച പെണ്‍കുട്ടിയുടെ കുടംബത്തിന്റെ ആരോപണം ശരിവെക്കുകയായിരുന്നു സഹപാഠികളും. ഈ സാഹചര്യത്തിലാണ് കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയാണിപ്പോള്‍ പോലീസ്. സ്‌കൂള്‍ വിട്ടു വന്ന ശേഷമാണ് വീട്ടില്‍ അനുപ്രിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നു. ഇതിനുപുറമേ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ പെണ്‍കുട്ടി മാനസികപ്രയാസം നേരിട്ടിരുന്നതായും സഹപാഠികള്‍ പറയുന്നു. മതം മാറുന്നതിനെ കുറിച്ച് തങ്ങളോട് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠികള്‍ പറഞ്ഞു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരിയും പറഞ്ഞിരുന്നു. ഇതര മതക്കാരനായ യുവാവുമായി പെണ്‍കുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കാമുകനായ യുവാവിനെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

‘ശരിക്കും മരണം എത്ര രസകരമാണ്’ എന്നാണ് ആത്മഹത്യയുടെ തലേദിവസം നോട്ട് ബുക്കില്‍ അനുപ്രിയ കുറിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് 17കാരിയുടെ കലുഷിതമായ മനസാണ് കുറിപ്പില്‍ നിറയുന്നതെന്നാണ് വിലയിരുത്തല്‍. സ്‌കൂളില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് അനുപ്രിയ.