മണ്ണുവാരി തിന്നുവെന്ന പരാമര്‍ശം; ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു

തിരുവനന്തപുരം: കൈതമുക്കിലെ കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി ദീപക് രാജിവച്ചു. സിപിഐഎം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ദീപകിന്റെ പരാമര്‍ശം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് സിപിഐഎം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

ഡിസംബര്‍ 2നാണ് സമൂഹത്തെ ആകെ ഞെട്ടിച്ച് തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടിണി മൂലം അമ്മ ആറുമക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. കൈതമുക്കിലെ പുറംപോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മൂത്ത കുട്ടിക്ക് 7 വയസും ഇളയകുട്ടിക്ക 3 മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് കുഞ്ഞുമോന്‍ മദ്യപാനിയാണ്. ഇയാള്‍ പണമോ മറ്റ് സഹായങ്ങളോ കുടുംബത്തിന് നല്‍കിയിരുന്നില്ല.