ഐക്യാഹ്വാനം ചെയ്ത് റിയാദില്‍ ഗള്‍ഫ് ഉച്ചകോടി

റിയാദ്: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി നടന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.

അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക മേഖലയിലും സുരക്ഷാ മേഖലയിലും സാമ്പത്തിക രംഗത്തും സഹകരണം വര്‍ധിപ്പിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി. മേഖലയില്‍ സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ വിതരണത്തിന് സാഹചര്യം ഒരുക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യം നേരിടുന്ന ഭീഷണിയെ ജിസിസി അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂം, ബഹറിന്‍ ഭരണാധികാരി കിങ്ങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹമദ് അല്‍ സബാഹ്, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ്, ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി എന്നിവര്‍ പങ്കെടുത്തു.