വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ബി.ജെ.പി എം.പിയുമായി അജിത് പവാറിന്റെ കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാടി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അജിത് പവാറുമായി ബി.ജെ.പി എം.പിയുടെ കൂടിക്കാഴ്ച്ച. ബി.ജെ.പി എം.പിയായ പ്രതാപ് റാവു
ചിഖാലികറാണ് അജിത് പവാറിനെ ഇന്ന് രാവിലെ വസതിയിലെത്തി കണ്ടത്. ഇത് രാഷ്ട്രീയ മര്യാദയുടെ ഭാഗമായുള്ള കൂടിക്കാഴ്ച്ച മാത്രമാണെന്നും വിശ്വാസവോട്ടെടുപ്പുമായി ബന്ധമുളള ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അജിത് പവാര്‍ പ്രതികരിച്ചു.

ഞങ്ങള്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നുള്ളവരാണെങ്കില്‍ കൂടി ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം ബന്ധമുണ്ട്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സഞ്ജയ് റാവത്ത് പറഞ്ഞതുപോലെ ഞങ്ങള്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പില്‍  വിജയിച്ചിരിക്കും’ അജിത് പവാര്‍ പറഞ്ഞു. നേരത്തെ ബി.ജെ.പി പാളയത്തിലെത്തി ദേവേന്ദ്ര ഫട്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ മണിക്കൂറുകള്‍ക്കകം രാജിവെച്ചിരുന്നു.

പിന്നീട് പാര്‍ട്ടിയില്‍തന്നെ തിരിച്ചെത്തിയ അജിത് പവാറിന്റെ നീക്കങ്ങള്‍ മുന്നണിയെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്. ഇതിന് മുന്നോടിയായി മഹാവികാസ് അഘാടി നേതാക്കള്‍ വിധാന്‍ ഭവനില്‍ യോഗം ചേര്‍ന്നു. എന്‍.സി.പിയ്ക്ക് അവകാശപ്പെട്ട ഉപമുഖ്യമന്ത്രി സ്ഥാനത്ത് അജിത് പവാര്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് തന്നെ നടക്കാനാണ് സാധ്യത.