ഡോക്ടര്‍ക്കെതിരേ നടന്നത് കൂട്ടബലാത്സംഗം; കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം തീയിട്ടു

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം നടത്തി തീകൊളുത്തി കൊന്നത് മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് കണ്ടെത്തി. ഷംദാബാദിലെ തന്റെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ ഇറങ്ങിയ ഡോക്ടർ ടോൾപ്ലാസക്ക് സമീപത്ത് സ്‌കൂട്ടർ പാർക്ക് ചെയ്താണ് സമീപത്തെ സ്‌കിൻ ക്ലിനിക്കിലേക്ക് പോയത്. രാത്രി ഒൻപതോടെ തിരിച്ചുവന്നപ്പോൾ ടയർ പഞ്ചറായ നിലയിലായിരുന്നു. എന്നാൽ ഇത് സമീപത്തെ ലോറിത്താവളത്തിലുണ്ടായിരുന്ന ഏതാനും പേർ മനപൂർവം കാറ്റഴിച്ചുവിട്ടതാണെന്നാണ് പോലീസ് പറയുന്നത്.

പഞ്ചർ അടയ്ക്കാൻ സഹായിക്കാമന്ന് പറഞ്ഞ് ഏതാനും പേർ തന്നെ സമീപിക്കുന്നതായി ആ സമയത്ത് സഹോദരിയെ വിളിച്ചപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു. ഏതാനും ദൂരം നടന്നപ്പോൾ ഒരാൾ വണ്ടി പഞ്ചർ അടക്കാനായി കൊണ്ടുപോയതായും പറയുന്നുണ്ട്. അപകടം മനസ്സിലാക്കിയ സഹോദരി ഡോക്ടറോട് തിരികേ ടോൾ പ്ലാസയിൽ തന്നെ നിൽക്കാനും ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഭയമാകുന്നുണ്ടെന്നും കുറേ ലോറി ഡ്രൈവർമാർ തന്നെ തുറിച്ച് നോക്കുന്നതായും പറഞ്ഞ ഡോക്ടർ സ്‌കൂട്ടർ നന്നാക്കി കൊണ്ടുവരുന്നതുവരെ തന്നോട് സംസാരിച്ചുകൊണ്ടേയിരിക്കാനും സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്ന് ഫോൺ കട്ടാവുകയും പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്നുമാണ് പറഞ്ഞത്.

ഉടൻ തന്നെ സഹോദരിയും കുടുംബാംഗങ്ങളും ഇവിടെയെത്തിയെങ്കിലും ഡോക്ടറെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പുലർച്ചേ നാലോടെയാണ് പോലീസ് സ്റ്റേഷനിൽ നിന്നും കോൺസ്റ്റബിൾമാർ അന്വേഷണത്തിനായി മുതിർന്നത്. രാവിലെ ഏഴോടെയാണ് ടോൾപ്ലാസയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള രംഗറെഡ്ഢി ജില്ലയിലെ ചദ്നപ്പള്ളി ഗ്രാമത്തിലെ ഒരുപാലത്തിനടിയിൽനിന്നും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിയിൽ കണ്ടെത്തിയത്.

വസ്ത്രത്തിലെ അവശിഷ്ടത്തിൽ നിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൂടുതൽ അന്വേഷണത്തിൽ ഇന്നലെ രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോൾബൂത്തിന് സമീപത്ത് നിന്നുതന്നെ കണ്ടെത്തി. ഒരു മദ്യക്കുപ്പിയും ഇവിടെയുണ്ടായിരുന്നു. യുവതിയുടെ സ്‌കൂട്ടർ പഞ്ചറാക്കിയത് പ്രതികൾ തന്നെയാണെന്നും ഇവർ ലോറി ഡ്രൈവർമാരാണെ
ന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഇതുവരെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്ന് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തിച്ചുവെന്നാണ് പോലീസ് കരുതുന്നത്.