കിയാല്‍ സ്വകാര്യ കമ്പനിയല്ല; സി.എ.ജി ഓഡിറ്റ് തടഞ്ഞതിന് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം. സ്വകാര്യ കമ്പനിയാണെന്ന വാദം ഉയര്‍ത്തി കിയാലിന്റെ സി.എ.ജി ഓഡിറ്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം കിയാലിനേയും സംസ്ഥാന സര്‍ക്കാരിനേയും കമ്പനി കാര്യമന്ത്രാലയം രേഖാമൂലം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ കമ്പനികള്‍ക്കും ആകെ 63ശതമാനം ഓഹരികള്‍ കിയാലിലുണ്ട്. അതിനാല്‍ ഭൂരിപക്ഷ ഓഹരികളുള്ള കിയാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനിക്ക് തുല്യമാണെന്നും കേന്ദ്രം അറിയിച്ചു. കിയാലിനെയും ചുമതലക്കാരെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ച് മന്ത്രിമാരും വന്‍കിട വ്യവസായികളുമാണുള്ളത്.

സി.എ.ജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്രകമ്പനികാര്യ മന്ത്രാലയം അറിയിച്ചു. കൊച്ചി എയര്‍പോര്‍ട്ട് പോലെ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നും സി.എ.ജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു കേരളസര്‍ക്കാര്‍ വ്യക്തമാക്കിയത്.