കീഴടങ്ങിയ ഐഎസ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനിയും

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐ.എസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിയും കുടുംബവും ഉണ്ടെന്ന് സൂചന. ആറ്റുകാല്‍ സ്വദേശി ബിന്ദുവിന്റെ മകള്‍ നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളത്. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നതായി ബിന്ദു ചില മാധ്യമങ്ങളോട് പറഞ്ഞു. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

കാസര്‍ഗോട്ടു നിന്ന് ഐ.എസില്‍ ചേരാന്‍ പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മൂന്നു വയസുള്ള മകള്‍ ഉമ്മുക്കുല്‍സു എന്നിവരും ഉണ്ടായിരുന്നു. മൂന്നു ദിവസം മുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ഏജന്‍സി തന്നെ സമീപിച്ചിരുന്നുവെന്നും അവര്‍ കൈമാറിയ കുറേ ചിത്രങ്ങളില്‍ നിന്ന് മരുമകനെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞതായും ബിന്ദു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

മുഖം മറച്ച സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് മകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബിന്ദു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി വിളിച്ചത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മരുമകനും സംസാരിച്ചിരുന്നു ബിന്ദു പറഞ്ഞു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് പാലക്കാട് സ്വദേശി ബെക്‌സ്ണ്‍ വിന്‍സെന്റിനെ വിവാഹം കഴിച്ചത്.

തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 900 ഭീകരര്‍ അഫ്ഗാന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്നാണ് വിവരം. സംഘത്തില്‍ എത്ര മലയാളികളുണ്ടെന്ന് വിവരങ്ങളില്ല. ഇവരെ കാബൂളിലേക്ക് മാറ്റിയെന്നാണ് സൂചന.