അജിത് പവാറിനെ സ്നേഹാലിംഗനത്തോടെ സ്വാഗതം ചെയ്ത് സുപ്രിയ

മുംബൈ: പിതാവിനെ പറ്റിച്ച് ഇറങ്ങിപ്പോയതിന്റെ വിഷമമൊന്നും കാണിക്കാതെ സ്നേഹാലിംഗനത്തോടെയാണ് ശരത് പവാറിന്റെ മകളും വലംകയ്യുമായ സുപ്രിയ സുലെ കസിന്‍ കൂടിയായ അജിത് പവാറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് എന്‍.സി.പി നേതാക്കള്‍ക്കൊപ്പം അജിത് പവാറും പങ്കെടുക്കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിനകം അധികാരത്തില്‍ നിന്നും താഴെ ഇറങ്ങേണ്ടി വന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെയും സുപ്രിയ കണ്ടു. മഹാരാഷ്ട്ര നിയമസഭ ഗേറ്റിന് മുന്‍പിലായിരുന്നു ഇരുവരും നേരില്‍ കണ്ടത്. ദേവേന്ദ്ര ഫഡ്നാവിസിന് ഷേക്ക്ഹാന്‍ഡ് നല്‍കി ഇരുവരും പിരിയുകയായിരുന്നു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ആരംഭിച്ചു. പ്രോടേം സ്പീക്കറുടെ കീഴിലാണ് ചടങ്ങ്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി അധികാരത്തിലേറുമ്പോള്‍ മുന്‍പ് തീരുമാനിച്ചതി പോലെ തന്നെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണു മുഖ്യമന്ത്രിസ്ഥാനം കൈയാളുക.

ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായതായാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്, ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും ഏറെക്കുറേ തീരുമാനമായിട്ടുണ്ട്.