കെ.പി.സി.സി പുനഃസംഘടനാ പട്ടിക വെട്ടി ഹൈക്കമാന്‍ഡ്; പട്ടിക തിരുത്തി നല്‍കണം

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്കുളള കരട് പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തളളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. ഇനി പട്ടിക പുതുക്കി നല്‍കണം. ഭാരവാഹികളെ നിശ്ചയിക്കാന്‍ മാനദണ്ഡം വേണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കെ.പി.സി.സി പുനഃസംഘടന ഇനിയും വൈകുമെന്ന് ഉറപ്പായി. ജംബോ പട്ടിക സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പട്ടിക തിരുത്താനുളള നിര്‍ദ്ദേശം.

എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകളും ഒപ്പം നിലവില്‍ ഗ്രൂപ്പ് രഹിതരായ നേതാക്കള്‍ നല്‍കിയ പേരുകളും ഉള്‍പ്പെടുത്തിയ ജംബോ ഭാരവാഹി പട്ടികയാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് നല്‍കിയത്. ഈ പട്ടിക വെട്ടിയ ഹൈക്കമാന്‍ഡ് ഭാരവാഹികളെ സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. കേരളം മാതൃകയാക്കി പുനഃസംഘടന പൂര്‍ത്തിയാക്കാം എന്ന അഭിപ്രായം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തല്‍ കൂടിയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. കൂടുതല്‍ ചെറുപ്പക്കാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തണം, ജാതി, മത പ്രാതിനിധ്യം ഉറപ്പാക്കണം. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം പാലിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണം. ഒപ്പം ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം, ഭാരവാഹിത്വത്തിന് മാനദണ്ഡം വേണം എന്നുമാണ് നിര്‍ദ്ദേശം.

കഴിഞ്ഞ 14 മാസമായുളള കൂട്ടിക്കിഴിക്കലുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ തയ്യാറാക്കിയ സമവായ പട്ടികയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. മുല്ലപ്പളളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായും കൊടിക്കുന്നില്‍ സുരേഷിനെയും അന്തരിച്ച എം ഐ ഷാനവാസിനെയും കെ സുധാകരനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചത് 2018 സെപ്റ്റംബര്‍ 19നാണ്. വിവിധ കാരണങ്ങളാല്‍ പല തവണ നീട്ടി വച്ച പുനഃസംഘടനാ ചര്‍ച്ച ഏറ്റവും ഒടുവില്‍ വീണ്ടും സജീവമായത് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ്.

ജംബോ കമ്മിറ്റി പറ്റില്ലെന്ന നിലപാടില്‍ ആദ്യഘട്ടത്തില്‍ ഉറച്ചു നിന്ന മുല്ലപ്പളളി രാമചന്ദ്രന്‍ ഒടുവില്‍ എന്തായാലും വേണ്ടില്ല പുനഃസംഘടന നടന്നാല്‍ മതിയെന്ന അവസ്ഥയിലെത്തി.ജംബോ കമ്മിറ്റി പറ്റില്ലെന്ന് വാശി പിടിച്ചാല്‍ പുനഃസംഘടന നടക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് മുല്ലപ്പളളി നിലപാട് മാറ്റി സര്‍വ്വ നേതാക്കളുടെയും പട്ടിക കൂട്ടിക്കെട്ടി ജംബോ പട്ടിക തയ്യാറാക്കിയത്. ഒരാള്‍ക്ക് ഒരു പദവിയിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിലും തുടക്കം മുതല്‍ അനുകൂല നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. പൊതു മാനദണ്ഡമായി തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ച ഉമ്മന്‍ ചാണ്ടി ഐ ഗ്രൂപ്പിന് എത്ര ഭാരവാഹികള്‍ ഉണ്ടോ അത്രയും ഭാരവാഹികള്‍ എ ഗ്രൂപ്പിനും വേണം എന്ന ഉപാധി മാത്രമാണ് വെച്ചത്.

ഒരാള്‍ക്ക് ഒരു പദവിയിലും സമാന നിലപാടാണ് സ്വീകരിച്ചത്. പൊതു മാനദണ്ഡം ആണെങ്കില്‍ എ ഗ്രൂപ്പ് പാലിക്കും. എന്നാല്‍ തുടക്കം മുതല്‍ എണ്ണം കുറയ്ക്കല്‍ പ്രായോഗികമല്ല എന്ന നിലപാടാണ് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഒരാള്‍ക്ക് ഒരു പദവി അംഗീകരിക്കാനാവില്ല എന്നും ഐ ഗ്രൂപ്പ് നിലപാട് എടുത്തു. ഒടുവില്‍ ഇത് അംഗീകരിക്കപ്പെട്ടു.