ടെലഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസ; അന്വേഷണവുമായി കമ്പനി സഹകരിക്കുന്നില്ലെന്ന് പോലീസ്

കൊച്ചി: സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ടെലഗ്രാം ആപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയാണെന്ന് പോലീസ്. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ല. കമ്പനി ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം’ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് പോലീസിന്റെ വിശദീകരണം.

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെ നിന്നും പ്ലേ സ്റ്റോര്‍ വഴി ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് എളുപ്പമല്ലെന്നും ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.