അത്താണി കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുളള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാത്തലവന്‍ ബിനോയി (40)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണിയിലുള്ള ബാറിന് മുന്നിലായിരുന്നു സംഭവം.

ബാറില്‍ നിന്നുണ്ടായ സംഘര്‍ഷവും മുഖ്യപ്രതി ബിനുവിന്റെ പിതാവിനെ മര്‍ദിച്ചതിലുള്ള വിരോധവുമാണ് കൊലയ്ക്കു കാരണം. ക്രൂരമായ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരും ജനങ്ങളും നോക്കി നില്‍ക്കേയാണ് ബിനോയിയെ കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തിലുമായി അന്‍പതിലേറെ വെട്ടുകളേറ്റിട്ടുണ്ട്. മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമാക്കിയിരുന്നു. കള്ളനോട്ടടി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാളെ എ.വി ജോര്‍ജ് ജില്ലാ പോലീസ് മേധാവി ആയിരുന്ന സമയത്ത് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. സ്വന്തം നാട്ടിലെ സ്റ്റേഷനുകളില്‍ ഉള്ളതിനേക്കാള്‍ മറ്റ് ജില്ലകളിലാണ് ഇയാളുടെ പേരില്‍ കൂടുതല്‍ കേസുകളുള്ളത്. അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷുകളില്‍ ഇയാള്‍ക്കെതിരേ ആയുധ നിയമപ്രകാരം കേസുണ്ട്.