ആന്റിവെനം ഉണ്ടായിരുന്നു; ഡോക്ടറുടെ വാദം പൊളിച്ച് കളക്ടറും ഡി.എം.ഒയും

ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ വാദം തള്ളി ജില്ലാ മെഡിക്കല്‍ ഓഫീസറും, കളക്ടറും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം( ആന്റിവെനം) ആവശ്യത്തിനുണ്ടെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി. ആന്റിവെനം സ്റ്റോക്കുണ്ടായിട്ടും നല്‍കിയില്ലെന്ന കാരണത്താല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിസ മെറിന്‍ ജോയിയ്ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് സ്റ്റോക്കില്ലെന്നാണ് ഡോക്ടര്‍ ജിസ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൂടാതെ ആന്റിവെനം നല്‍കിയാല്‍ കുട്ടി ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള വെന്റിലേറ്റര്‍ സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറയുന്നത്. ഷഹലയെ എത്തിക്കുമ്പോള്‍ താലൂക്ക് ആശുപത്രിയില്‍ 25 ഡോസ് ആന്റിവെനം ഉണ്ടായിരുന്നുവെന്നുവെന്ന് ഡി.എം.ഒ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ഒരാള്‍ക്ക് പോലും ആവശ്യമായി വരുന്ന പ്രതിവിഷം 10 ഡോസ് മാത്രമാണ്. കൂടുതല്‍ ആവശ്യമായി വന്നിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ ജില്ലയിലെ മറ്റു പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാന്‍ ആകുമായിരുന്നുവെന്നും ഡി.എം.ഒ ഡോ. രേണുക പറഞ്ഞു.