ഈ വര്‍ഷത്തെ ചിരന്തന സാഹിത്യ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചു

ദുബായ്: പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യു.എ.ഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ചിരന്തന സാഹിത്യ മത്സര ജേതാക്കള്‍ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. യു.എ.ഇ യുടെ സഹിഷ്ണുതാ വര്‍ഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇത്തവണ സമഗ്ര സംഭാവനകള്‍ക്ക് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയും, അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കൂടാതെ നോവല്‍ വിഭാഗത്തില്‍ സലിം അയ്യനേത്ത് (ബ്രാഹ്മിണ്‍ മൊഹല്ല), ചെറുകഥയില്‍ സബീന എം. സാലി (രാത്രിവേര്), കവിതയില്‍ സഹര്‍ അഹമ്മദ് (പൂക്കാതെ പോയ വസന്തം), ലേഖന വിഭാഗത്തില്‍ എം.സി.എ. നാസര്‍ (പുറവാസം), ഇതര സാഹിത്യ വിഭാഗത്തില്‍ ഹരിലാല്‍ (ഭൂട്ടാന്‍ – ലോകത്തിന്റെ ഹാപ്പിലാന്‍ഡ്) എന്നിവരും പുരസ്‌ക്കാരങ്ങള്‍ സ്വീകരിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ തഹാനി ഹാഷിറിന്റെ ‘Through my window panes’ (ത്രൂ മൈ വിന്‍ഡോ പാന്‍സ്), മാളവിക രാജേഷിന്റെ ‘Watchout’ (വാച്ച് ഔട്ട്) എന്നിവര്‍ക്കും പ്രത്യേക സമ്മാനം നല്‍കി.

പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും,  മികച്ച നോവല്‍, കഥ, കവിത, ലേഖന പുരസ്‌കാരങ്ങള്‍ക്ക് കാല്‍ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 10,000 രൂപ വീതവും ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തും ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ഹുസൈന്‍ മുഹമ്മദ്, അഹമ്മദ് ഇബ്രാഹിം അല്‍ ഹാദി, യു.എ.ഇ.എക്സചേഞ്ച് മാധ്യമ ഡയറക്ടര്‍ കെ.കെ.മൊയ്തീന്‍കോയ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായഇ.പി.ജോണ്‍സന്‍, കെ.ബാലകൃഷ്ണന്‍, എസ്.എം. ജാബിര്‍, കൂടാതെ നദീര്‍ കാപ്പാട്, നസീര്‍ വാടാനപ്പള്ളി, രാജു മാത്യു, ജലീല്‍ പട്ടാമ്പി, അഹമ്മദ് ശരീഫ്, പി, റോയി റാഫേല്‍, നാസര്‍ ഊരകം, ഷീല പോള്‍, കവിത ബിജു, പോള്‍.ടി.ജോസഫ്, ഷിജി അന്ന ജോസഫ്, ബുഹാരി, രതീഷ് ഇരട്ടപ്പുഴ. സി.പി.മുസ്തഫ, മഞ്ചിങ്ങല്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്.

‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയത്തില്‍ സക്കറിയയുടെ പ്രഭാഷണവും, പ്രശസ്ത വീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വര്‍ഗീസിന്റെ സംഗീതക്കച്ചേരിയും ചടങ്ങിന് മാറ്റുകൂട്ടി. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തിയിരുന്നു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനും, ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും, ട്രഷറര്‍ ടി.പി.അഷ്റഫ് നന്ദിയും പറഞ്ഞു.