ക്രിക്കറ്റ് ബാറ്റ് തട്ടി വിദ്യാര്‍ത്ഥിയുടെ മരണം: തലയ്ക്കുള്ളിലെ രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ചാരുമ്മൂട്: ക്രിക്കറ്റ് കളിക്കിടെ ബാറ്റായി ഉപയോഗിച്ച മരക്കസേരയുടെ കാല്‍ തെറിച്ച് തലയില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാവേലിക്കര ചുനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്.

കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടി. തുടര്‍ന്ന് നവനീത് കുഴഞ്ഞു വീഴുകയായിരുന്നു. ഒടിഞ്ഞ ഡെസ്‌കിന്റെ ഭാഗവും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ചായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു. ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.