ശിവസേനക്കൊപ്പം നില്‍ക്കും, സര്‍ക്കാര്‍ രൂപീകരിക്കും; നിലപാട് ആവര്‍ത്തിച്ച് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും എന്‍.സി.പി തലവന്‍ ശരത് പവാറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പത്തോ പതിനൊന്നോ എന്‍.സി.പി എം.എല്‍.എമാര്‍ മാത്രമേ അജിത് പവാറിനൊപ്പം പോവുകയുള്ളൂ എന്നും 170 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്ന കാര്യം അറിയാമായിരുന്നു.

ബി.ജെ.പിക്കൊപ്പം ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നു. അജിത് പവാറും മൂന്ന് വിമത എം.എല്‍.എമാരും പാര്‍ട്ടിയെ വഞ്ചിക്കുകയാണുണ്ടായത്. അദ്ദേഹത്തിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരത് പവാര്‍ പറഞ്ഞു. യഥാര്‍ത്ഥ എന്‍.സി.പി പ്രവര്‍ത്തകര്‍ ഒരിക്കലും ബി.ജെ.പിക്കൊപ്പം പോവില്ല. അജിത് പവാര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം കൈകോര്‍ത്തത്. ഞങ്ങള്‍ക്ക് ശിവസേനയ്ക്ക് കീഴിലുള്ള സര്‍ക്കാരാണ് വേണ്ടത്. ഞങ്ങള്‍ അതുമായി തന്നെ മുന്നോട്ട് പോകും. ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണഘടനയെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുകയാണ് ചെയ്തത്. രാജ്യത്തുടനീളം ബി.ജെ.പി നടത്തുന്ന കളികളുടെ ഒരു രൂപം മാത്രമാണിത്.

ഹരിയാനയില്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തി വിജയിച്ച ദുഷ്യന്ത് ചൗട്ടാലയെ കൂടെനിര്‍ത്തിയാണ് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ കളി മഹാരാഷ്ട്രയില്‍ നടക്കില്ലെന്നും താക്കറെ പറഞ്ഞു. അതേസമയം, മുംബൈ വൈ.ബി ചവാന്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ്
നിയമസഭാ കക്ഷിയോഗം നടക്കുകയാണെന്നും അതിനാലാണ് അവര്‍ പങ്കെടുക്കാത്തതെന്നമാണ് ഇതിന് പവാര്‍ വിശദീകരണം നല്‍കിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.