പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ നശിപ്പിച്ചെന്നു പറഞ്ഞ മൊബൈല്‍ ഫോണ്‍ ബംഗ്ലൂരുവില്‍ കണ്ടെത്തി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികള്‍ നശിപ്പിച്ചുവെന്നു പറഞ്ഞ മൊബൈല്‍ ഫോണ്‍ ഒടുവില്‍ കണ്ടെത്തി. പ്രതികള്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ ഫോണാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബംഗ്ലൂരുവില്‍ നിന്നും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്.ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലൂരുവില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത്. കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതു അന്വേഷണത്തെ ബാധിച്ചിരുന്നു.

ഫോണുകള്‍ നശിപ്പിച്ചുവെങ്കിലും പ്രതികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെല്ലാം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കടയിലെ വിവരം അനുസരിച്ച് ഇ.എം.ഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ ബംഗ്ലൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടി. യശ്വന്ത്പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോണ്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. കേസിലെ ആറാം പ്രതിയായ പ്രവീണ്‍ ഉപയോഗിച്ച ഫോണാണ് ലഭിച്ചിരിക്കുന്നത്. രണ്ടാംപ്രതി നസീം പി.എസ്.സി ചോദ്യപേപ്പര്‍ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്പ് വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണില്‍ നിന്നായിരുന്നു.