പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍ജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. പാമ്പു കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പിതാവ് അസീസ് പറഞ്ഞിരുന്നു. പാമ്പുകടിക്കുള്ള മരുന്നായ ആന്റി വെനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്റി വെനം നല്‍കാന്‍ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

അതേസമയം, സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്പെന്‍ഡ് ചെയ്തു. മറ്റ് അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്മോ നല്‍കി. വിദ്യാഭ്യാസ മന്ത്രി ഡി.പി.ഐയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡി.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്.