മഹാരാഷ്ട്ര: എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരില്‍ താല്‍പര്യമില്ലെന്ന് 17 ശിവസേനാ എം.എല്‍.എമാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമാവുമ്പോഴും പ്രതിസന്ധി അയയുന്നില്ല. എന്‍.സി.പി- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ശിവസേനയുടെ 17 എം.എല്‍.എമാര്‍. ശിവസേന നേതാവ് മനോഹര്‍ ജോഷിയോടൊപ്പം 17 എം.എല്‍.എമാരും ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് താക്കറെ സന്ദര്‍ശനം അനുവദിച്ചിരുന്നില്ല. സഖ്യവുമായി ബന്ധപ്പെട്ട അവസാന ഘട്ട തീരുമാനത്തിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് എം.എല്‍.എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിപദവി രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയത്. തര്‍ക്കം നീണ്ടതോടെ എന്‍.ഡി.എ ശിവസേന മറ്റുവഴികള്‍ ആരാഞ്ഞതോടെയാണ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണചര്‍ച്ച സജീവമായത്. ബി.ജെ.പിക്ക് 105 സീറ്റുകളാണ് കിട്ടിയത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ ആണ് വേണ്ടിയിരുന്നത്.