ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന സ്ഥലമാണിത്. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണനിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് പന്തളം രാജകുടുംബം ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കരട് ബില്‍ സര്‍ക്കാര്‍ ഹാജരാക്കി. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഏഴംഗ വിശാല ബെഞ്ച് മറിച്ചൊരു തീരുമാനമെടുത്താല്‍ വനിതകളെ എങ്ങനെ നിയമിക്കാനാകുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.