ശബരിമല ചവിട്ടാന്‍ മലയാളി യുവതികളില്ല, ഓണ്‍ലൈനിലെ ക്യൂവില്‍ അന്യസംസ്ഥാനക്കാരായ യുവതികള്‍

തിരുവനന്തപുരം: വിവാദങ്ങള്‍ തുടരുമ്പോഴും ശബരിമല മല ചവിട്ടാന്‍ യുവതികളുടെ ഒഴുക്ക്. ഓണ്‍ലൈനായാണ് നാനൂറോളം യുവതികള്‍ ചൊവ്വാഴ്ച വരെ ബുക്ക് ചെയ്തത്. എന്നാല്‍ കേരളത്തില്‍ നിന്ന് ദര്‍ശനം നടത്താന്‍ താത്പര്യം കാണിക്കുന്നവര്‍ കുറവാണെങ്കിലും
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബുക്ക് ചെയ്ത മുഴുവന്‍ പേരും. മണ്ഡലകാലത്തേക്ക് ദര്‍ശനം നടത്തുന്നതിനായി ഇതിനോടകം 9.6 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ഇരുനൂറോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് നൂറ്റി എണ്‍പതോളം പേരും. തെലങ്കാന, ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും സംഘങ്ങള്‍ക്കൊപ്പം യുവതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 50 വയസ്സില്‍ താഴെയുള്ള മലയാളി സ്ത്രീകളാരും ബുക്ക് ചെയ്തിട്ടില്ല. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. യുവതികള്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കേണ്ടെന്നുതന്നെയാണ് തീരുമാനം.