ഡോക്ടര്‍മാരുടെ സൂചനാ സമരം തുടങ്ങി; ശമ്പള വര്‍ധനവില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരണം തുടങ്ങി. ഇതോടെ രോഗികളുടെ ദുരിതവും തുടങ്ങി. രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് ബഹിഷ്‌കരണം. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളെ ഡോക്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കുന്നത്. ഇത് സൂചനാ സമരം മാത്രമാണെന്നും ഇതുകൊണ്ട് ഫലമില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നുമാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന മുന്നറിയിപ്പ് അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റുഅത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ്. പ്രിന്‍സിപ്പല്‍മാരുടെ ഓഫീസ് എന്നിവക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചനാ സമരം കൊണ്ട് ഫലമില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന അറിയിച്ചു. മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിച്ചിട്ട് 13 വര്‍ഷമായെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു.