പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കി സനാതനധര്‍മം കാത്തുസൂക്ഷിക്കൂ; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഡല്‍ഹി: സനാതന ധര്‍മം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കളോട് വിവിധ നിര്‍ദേശങ്ങളുമായി ബി.ജെ.പിനേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഗിരിരാജ് മുന്നോട്ടുവച്ചത്. കുട്ടികളെ രാമായണവും ഗീതയും ഹനുമാന്‍ ചാലിസയും പഠിപ്പിക്കണം. സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യിപ്പിക്കുകയും വേണമെന്ന് ഗിരിരാജ് ആവശ്യപ്പെട്ടു. പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുള്ളയാളാണ് ഗിരിരാജ്.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: സനാതന ധര്‍മം സംരക്ഷിക്കുന്നതിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം.വിദേശികളെപ്പോലെ കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും നമ്മള്‍ പ്രതിജ്ഞ ചെയ്യണം. ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കാന്‍ നമ്മള്‍ ശീലിക്കുക. ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു ശീലിക്കുന്നത്. മറ്റു മതക്കാര്‍ ഞായറാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളില്‍
പള്ളികളില്‍ പോവുന്നു. നമ്മുടെ മതത്തില്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളില്‍ കുട്ടികള്‍ ചേരുന്നു. എന്നിട്ട് തിരിച്ചുവന്ന് നെറ്റിയില്‍ കുറി വേണ്ടെന്ന് വീട്ടുകാരോട് പറയുന്ന സാഹചര്യമാണുള്ളതെന്നും ഗിരിരാജ് പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.