യു.എ.പി.എ ചുമത്തിയത് പോലീസെന്ന് പിണറായി; കരിനിയമമെന്ന നിലപാടില്‍ മാറ്റമില്ല പോളിറ്റ്ബ്യൂറോ

ഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിശദീകരണവുമായി പിണറായി വിജയന്‍. പോലീസാണ് ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പിണറായി യോഗത്തില്‍ പറഞ്ഞു.യു.എ.പി.എ കരിനിയമമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പി.ബി ആവര്‍ത്തിച്ചു. അതേസമയം സംഭവത്തില്‍ കേരള സര്‍ക്കാരിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായിയുടെ വിശദീകരണത്തില്‍ ചിലര്‍ അതൃപ്തി അറിയിച്ചു എന്നാണ് സൂചന. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്. പന്തീരാങ്കാവ് കേസില്‍ യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യു.എ.പി.എ കരിനിയമമാണെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചിരുന്നു. ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടിലും മാറ്റമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.