ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബത്തിന്റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബത്തിന് ജാമ്യമില്ല. ദില്ലി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചിദംബരത്തിനെതിരേയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് മുഖ്യ പങ്കുതന്നെയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാരം എട്ടൊമ്പത് കിലോഗ്രാം കുറഞ്ഞുവെന്നും കുടുംബം ഉന്നയിച്ചിരുന്നു. ഈ ആവശ്യത്തില്‍ കൂടിയായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജയിലില്‍ ചിദംബരത്തിന് ലഭിക്കുന്ന ചികിത്സയില്‍ ഞങ്ങള്‍ തൃപ്തരല്ല. അദ്ദേഹം വളരെയധികം പ്രയാസമനുഭവിക്കുകയാണ്. എത്രയും പെട്ടന്ന് ചിദംബരത്തെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് അദ്ദേഹത്തെ വര്‍ഷങ്ങളായി ചികില്‍സിച്ചുവരുന്ന ഹൈദരാബാദിലെ ഉദരരോഗ വിദഗ്ധന്‍ പറഞ്ഞതെന്ന് കുടുംബം അറിയിച്ചു.വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കഴിഞ്ഞതോടെ തിരികെ ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഓഗസ്റ്റ് 21നാണ് ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 27 വരെ നീട്ടിയിരുന്നു.