മാവോയിസ്റ്റ് ബന്ധം; അലന്‍ ഷുഹൈബിന്റെയും താഹയുടെയും കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ വിദ്യാര്‍ഥികളും സി.പി.എം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനു ഹൈക്കോടതി നിര്‍ദ്ദേശം. അടുത്ത 18നു കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ നവംബര്‍ ഒന്നിനു പോലീസ് പട്രോളിങിനിടെ നിരോധിത സംഘടനയായ സി.പി.ഐ( മാവോയിസ്റ്റ്) യുടെ പുസ്തകം ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യുഷന്‍ ആരോപണം. നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചുവെന്നതിനുയാതൊരു അടിസ്ഥാനവുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എന്‍.അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.