ആരുമറിയാതെ, ആര്‍ക്കും വേണ്ടാതെ; എന്നാലും…കരിന്താളി നമ്മുടെ സ്വന്തം !

എന്‍.ആര്‍.ഐ തിരുവനന്തപുരം: ഒരര്‍ത്ഥത്തില്‍ ചൂടും ചൂരും പകരാന്‍ പ്രാപ്തിയുള്ള ഒരു വൃക്ഷമാണ് കരിന്താളി (Ebony). നമ്മുടെ നാട്ടുകാരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ വൃക്ഷത്തെക്കുറിച്ച് അറിയില്ല, ആര്‍ക്കും വേണ്ട എന്നുവേണം പറയാന്‍. ആഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ വൃക്ഷം തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തില്‍ പാലക്കാട്, വയനാട്ടിലെ തിരുനെല്ലി കാടുകള്‍ എന്നിവിടങ്ങളിലും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നു. കാടുകളില്‍ വളരുന്ന വൃക്ഷങ്ങളുടെ പ്രത്യേകത, മിക്കവയും കാലമറ്റ് മണ്ണോടു ചേരുന്നുവെന്നുള്ളതാണ്. നൂറ്റാണ്ടുകളുടെ ആയുസ്സുള്ള കരിന്താളി 200 വര്‍ഷത്തിലേറെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ് പാകമാകുന്നത്.

കടുപ്പമേറിയ കരിന്താളിയുടെ തടി അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും വീട്ടുപകരങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാക്കുന്നതിനുമാണ് (ഹാര്‍മോണിയം ഭാഗങ്ങള്‍, ദൈവിക രൂപങ്ങള്‍, ബ്രഷുകളുടെ പിടികള്‍, ചെസ്‌ബോര്‍ഡുകളും പ്രത്യേക തരം കരുക്കളും, കസേരകള്‍…) ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഈ തടിയുടെ പല ഗുണങ്ങളെപ്പറ്റിയും കേരളക്കരക്കാര്‍ ഇന്നും അജ്ഞരാണ്. മിക്ക സ്ഥലങ്ങളിലും ഈ വൃക്ഷത്തിന്റെ ഗുണഗണങ്ങള്‍ അറിയാതെ വെട്ടിനശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇന്നും അതു നടന്നുവരുന്നു ! ചന്ദനം പോലെ തന്നെ മഹത്ത്വമുള്ള ഈ വൃക്ഷം സ്വകാര്യവ്യക്തികള്‍ക്ക് വീട്ടില്‍ വളര്‍ത്താന്‍ അനുവാദമില്ല.

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍- അവയുടെ മൂല്യമറിയാത്തതുകൊണ്ടാണോ, മനസ്സിലാക്കാത്തതുകൊണ്ടാണോ- സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തിലും നടപടികള്‍ ഉണ്ടാകുന്നുമില്ല. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലും മറ്റും വ്യാപകമായി കണ്ടുവരുന്ന കരിന്താളിയുടെ തടിക്ക് നല്ല കറുത്ത നിറമായിരിക്കും. നമ്മുടെ വീടുകളിലേക്കുള്ള അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നതിനാല്‍ കരിന്താളിക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല.

ഇടിമിന്നലിനെ പിടിച്ചെടുക്കാനുള്ള കഴിവാണ് കരിന്താളിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളില്‍ താഴികക്കൂടത്തിനുള്ളില്‍ കരിന്താളി ഉള്ളടക്കം ചെയ്യുന്ന പതിവുള്ളതായി പഴമക്കാര്‍ പറയുന്നു. പണ്ട് ചെട്ടിയാര്‍ കുടുംബക്കാര്‍ക്ക് ശ്രീലങ്കന്‍ രാജ്യവുമായി വ്യാപാര ഇടപാടുകള്‍ ഉണ്ടായിരുന്നു. ശ്രീലങ്കയില്‍ ധാരാളമുണ്ടായിരുന്ന കരിന്താളി കൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ അങ്ങനെ നമ്മുടെ നാട്ടിലേക്ക് വ്യാപകമായി വന്നിട്ടുണ്ട്. കരിന്താളിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അലങ്കാരവസ്തുക്കള്‍ ഉള്ള വീടുകള്‍ക്ക് ദുര്‍ഗതി വരില്ല, ഭൂതപിശാചുക്കളുടെ ബാധ ഉണ്ടാകില്ല എന്നിങ്ങനെയുള്ള വിശ്വാസം കേരളത്തിലുണ്ട്. ആചാരനുഷ്ഠാനങ്ങളുമായി ബന്ധമുള്ള ഈ വൃക്ഷത്തിന് പൂജാദികാര്യങ്ങളിലും പ്രമുഖമായ സ്ഥാനമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.

ചന്ദനം പോലെയല്ല, പ്രത്യേകിച്ച് മണമൊന്നുമില്ലാത്ത ഒരു കടുപ്പമുള്ള തടിയാണ് കരിന്താളി. ആയുസ്സു കഴിയുന്നതോടെ എബണി പൊടിഞ്ഞ് മണ്ണോടു ചേരുകയും 2000-ഓളം വര്‍ഷം കഴിയുമ്പോള്‍ ഇതു കാര്‍ബണിന്റെ മറ്റൊരു രൂപമായ ഡയമണ്ടായി മാറുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രം. കരിന്താളി ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ നാടുകളില്‍ ഡയമണ്ട് കൂടുതലുണ്ടെന്നു മാത്രമല്ല പ്രചാരവുമുണ്ട്. കേരളത്തിലെ കാലാവസ്ഥ സാധാരണഗതിയില്‍ 30-35 ഡിഗ്രിയാണ്. ഈ കാലാവസ്ഥയില്‍ കരിന്താളി നന്നായി വളരും.

കേരളത്തിലേതിനു സമാനമായ കാലാവസ്ഥയാണ് ശ്രീലങ്കയിലും ആഫ്രിക്കയിലുമുള്ളത്. നിരവധി ഉപയോഗസാദ്ധ്യതകള്‍ ഉള്ള വൃക്ഷം എന്ന നിലയ്ക്ക് ഇവയെ സംരക്ഷിക്കുന്നതിന് നാം മുന്‍കൈയെടുക്കുന്നില്ല. തിരുവനന്തപുരത്തിന്റെ തന്നെ പലഭാഗങ്ങളിലും ഈ വൃക്ഷം വളരെ അപൂര്‍വ്വമായി കണ്ടുവരുന്നു. തിരുവനന്തപുരം നഗരത്തിന്റെതന്നെ പല ഭാഗത്തും ഈ വൃക്ഷം അപൂര്‍വ്വമായിട്ടെങ്കിലും വളര്‍ന്നു വരുന്നുണ്ട്. ,കരിന്താളിയെക്കുറിച്ച് വര്‍ഷങ്ങളായി റിസര്‍ച്ച് ചെയ്തുവരുന്ന വിരലിലെണ്ണാവുന്ന വ്യക്തികള്‍ ഇന്നു കേരളത്തിലുണ്ട്. കരിന്താളിയെക്കുറിച്ച് കൂടുതല്‍ അറിയുന്ന വ്യക്തികള്‍ ഇതിന് ഒരു ദൈവികത്വം കല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.