‘പുരസ്കാരം കേരള ജനതക്ക് സമർപ്പിക്കുന്നു’; രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ അവാർഡ് ഏറ്റുവാങ്ങി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹി: രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിൽ നിന്നും പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ഏറെ ചാരിതാർഥ്യത്തോടെയും അഭിമാനത്തോടെയുമാണ് അവാർഡ് സ്വീകരിച്ചതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അവാർഡ് ലഭിച്ചു എന്നതിലപ്പുറം മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെയും സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും സാമൂഹ്യ ഇടപെടലുകൾക്ക് അംഗീകാരം ലഭിക്കുന്നു എന്നതിലാണ് ഏറെ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു.

സത്യത്തിൽ ഈ അവാർഡ് സ്വീകരിക്കപ്പെടാൻ താൻ ഒരു നിമിത്തം മാത്രമേ ആയുള്ളുവെന്നും ‘ബൈത്തു റഹ്മാ’ പദ്ധതിയെ നെഞ്ചേറ്റിയ മുസ്‌ലിം ലീഗ് പ്രവർത്തകന്മാരാണ് യഥാർത്ഥത്തിൽ ഈ അവാർഡിന് അർഹരെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റെ സഹപ്രവർത്തകർ, സംസ്ഥാനത്തുടനീളം പദ്ധതിയെ വ്യാപിപ്പിച്ച മുസ്‌ലിം ലീഗ് നേതാക്കൾ, മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ, ബൈത്തു റഹ്മയെ ദേശീയ ശ്രദ്ധയാകർഷിക്കും വിധം ഏറ്റെടുത്തു നടപ്പാക്കിയ മുസ്‌ലിം ലീഗ്‌ ദേശീയ നേതൃത്വം, ബൈത്തുറഹ്മയെ ഒരു വികാരമായി കൊണ്ടു നടന്ന കെ.എം.സി.സി പ്രവർത്തകരും നേതാക്കളും എല്ലാവരോടും ഈ അവസരത്തിൽ കടപ്പെട്ടിരിക്കുന്നു. കെ.എം.സി.സിയുടെ ശക്തമേറിയ ഇടപെടലുകളാണ് ബൈത്തു റഹ്മയെ ഇത്രയേറെ ജനകീയമാക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗ് പ്രസ്ഥാനം നടപ്പാക്കിയ പദ്ധതിയോട് ഒരു മടിയും കൂടാതെ സഹകരിച്ച കേരളത്തിലെ സുമനസ്സുകൾ, രാഷ്ട്രീയത്തിന്റെ നിറവും കക്ഷിഭേദവും നോക്കാതെ ബൈത്തു റഹ്മക്ക്‌ വേണ്ടി സ്ഥലം വിട്ട് നൽകിയവർ, ഓരോ ചെറിയ പ്രദേശങ്ങളിലും ബൈത്തു റഹ്മയുടെ പേരിൽ ക്ലബ്ബുകളായും പ്രാദേശിക കൂട്ടായ്മകളായും പ്രവർത്തിച്ചവർ അങ്ങനെ എല്ലാവരെയും ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുകയാണ്. കാലം ആവശ്യപ്പെടുന്ന ഏത് ദൗത്യവും നിർവഹിക്കാൻ കൂടുതൽ ഉത്തരവാദിത്തപ്പെടുകയാണ് എന്ന ബോധമാണ് അവാർഡ് ഏറ്റുവാങ്ങുമ്പോൾ മനസ്സിനെ ഭരിക്കുന്നതെന്നും ഈ അവാർഡ് ബൈത്തു റഹ്മയെ നെഞ്ചേറ്റിയ പ്രിയപ്പെട്ട കേരളീയ ജനതക്ക് സമർപ്പിക്കുന്നുവെന്നും പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.