ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം

ലണ്ടന്‍: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴിയൊരുക്കിയത്. വിദേശകാര്യസഹമന്ത്രി വി മുരധീരനാണ് ഇക്കാര്യം അറിയിച്ചത്.  ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചു. വിഎല്‍സിസി ഗ്രേസ് വണ്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരേയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചു. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവും- മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ കപ്പല്‍ ഉടന്‍ വിട്ടുനല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവര്‍ ഗ്രേസ് വണ്ണിലുണ്ട്. ഇതോടെ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെയും മോചിപ്പിക്കാനാണ് സാധ്യത. ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 24 ഇന്ത്യക്കാരാണ് മോചനം കാത്ത് കഴിഞ്ഞിരുന്നത്.

ഇന്ത്യക്കാരില്‍ നാലുപേര അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെന ഇംപേേെറാ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും. കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു. കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും ഇതൊക്കെ ബ്രിട്ടണ്‍ അംഗീകരിച്ചതിനാല്‍ കപ്പല്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.